അതിർത്തിയിൽ ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യം; യുദ്ധവിമാനങ്ങൾ വിന്യാസിക്കാൻ ഇന്ത്യ

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിന് മുമ്പ് ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ആഴ്ച്ച ഒന്നിലധികം തവണ വ്യോമാതിർത്തി ലംഘനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ ഈ മേഖലയിൽ യുദ്ധവിമാനങ്ങൾ വിന്യാസിക്കാൻ ഇന്ത്യൻ സൈന്യം നിർബന്ധിതരായതായാണ് വിവരം.

ചൈനീസ് വ്യോമാതിർത്തി ലംഘനങ്ങൾ തടയുന്നതിനായി അതിർത്തിയിൽ ഇന്ത്യ വ്യോമ പട്രോളിംഗ് ശക്തമാക്കിയതായി വ്യോമസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. വടക്കുകിഴക്കൻ നിയന്ത്രണമേഖലയിലെ ചൈനീസ് ഡ്രോണുകളുടെ പ്രവർത്തനങ്ങൾ ഇന്ത്യൻ വ്യോമസേന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി വ്യോമസേന നിരവധി തവണ യുദ്ധവിമാനങ്ങൾ തയാറാക്കി നിർത്തിയിരുന്നതായും അധികൃതർ പറഞ്ഞു.

നിയന്ത്രണ രേഖയ്ക്ക് സമാന്തരമായി പറക്കുന്ന ഡ്രോണുകൾ ഇന്ത്യയ്ക്ക് ഒരു പ്രശ്നവും സൃഷ്ടിക്കുന്നില്ലെന്നും എന്നാൽ ഇന്ത്യൻ അതിർത്തിയിലൂടെ പറക്കുന്ന വിമാനങ്ങളും ഡ്രോണുകളും റഡാർ നിരീക്ഷണത്തിലായിരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.