കാര്‍ഷിക ബില്ലില്‍ യോജിച്ച് പ്രതിപക്ഷം, 24 ന് രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

കാര്‍ഷിക ബില്ലിനെതിരെ 24 ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി കര്‍ഷകരെ വഞ്ചിച്ചെന്ന് ആരോപിച്ച കോണ്‍ഗ്രസ് രണ്ട് ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് കേന്ദ്രത്തെ പ്രതിഷേധമറിയിക്കുമെന്നും വ്യക്തമാക്കി

ദില്ലി: വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ക്ക് പുറമെ മുമ്പില്ലാത്ത രീതിയില്‍ വിഷയത്തില്‍ പ്രതിപക്ഷവും യോജിച്ചതാണ് കേന്ദ്രത്തിന് മുന്നില്‍ കൂടുതല്‍ വെല്ലുവിളിയാകുന്നത്. അംഗങ്ങളെ പുറത്താക്കി കാര്‍ഷിക ബില്ലുകളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പ്രതിപക്ഷം യോജിച്ച് നിലപാട് കടുപ്പിച്ചത്. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രതിപക്ഷം കത്ത് നല്‍കിയിട്ടുണ്ട്. രാഷ്ട്രപതിയെ കാണാനും സമയം തേടിയിട്ടുണ്ട്.

കാര്‍ഷിക ബില്ലിനെതിരെ 24 ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രധാനമന്ത്രി കര്‍ഷകരെ വഞ്ചിച്ചെന്ന് ആരോപിച്ച കോണ്‍ഗ്രസ് രണ്ട് ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് കേന്ദ്രത്തെ പ്രതിഷേധമറിയിക്കാണ് തീരുമാനിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ സഭാ മര്യാദ പാലിക്കാതെ കാര്‍ഷിക ബില്ലുകള്‍ പാസാക്കി എന്ന പ്രചരണം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് എട്ട് അംഗങ്ങളെ സഭയില്‍ നിന്ന് പുറത്താക്കിയത്. ഭൂരിപക്ഷമില്ലാതിരിക്കെ വോട്ടെടുപ്പ് വേണമെന്ന ആവശ്യം അംഗീകരിക്കാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാതെയുള്ള നടപടി സംശയം ബലപ്പെടുത്തുന്നു എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ബില്ലിന് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ഒപ്പിട്ട കത്ത് രാഷ്ട്രപതിക്ക് കൈമാറി.

അതിനിടെ ബില്ലിനെതിരായ കര്‍ഷക സമരം കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. അകാലിദളിന്റെ രാജിയും, ജെജെപി, ടിആര്‍എസ് പാര്‍ടികളുടെ എതിര്‍പ്പും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. കാര്‍ഷിക സംസ്ഥാനമായ ബീഹാര്‍ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ ബിജെപിക്കും സഖ്യകക്ഷിയായ ജെഡിയുവിനും കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള പ്രചരണങ്ങളെ മറികടക്കേണ്ടിവരും. ബില്ലുകളെ ആര്‍എസ്എസിന്റെ ഉള്‍പ്പടെ എല്ലാ കര്‍ഷിക സംഘടനകളും എതിര്‍ക്കുകയാണ്. തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *