4 വർഷ ബിരുദം പൂർത്തിയാക്കാനുള്ള അന്തിമകാലാവധി 7 വർഷമെന്ന് യുജിസി
ന്യൂഡൽഹി: മൾട്ടിപ്പിൾ എൻട്രി എക്സിറ്റ് സംവിധാനത്തോടെ വിഭാവനം ചെയ്തിരിക്കുന്ന 4 വർഷത്തെ ബിരുദ കോഴ്സ് പൂർത്തിയാക്കുന്നതിനുള്ള അവസാന കാലയളവ് ഏഴ് വർഷമാണെന്ന് യുജിസി. ആദ്യ വർഷം പൂർത്തിയാക്കുന്നവർക്ക് യു.ജി. സർട്ടിഫിക്കറ്റ്, രണ്ടാം വർഷ യു.ജി ഡിപ്ലോമ, മൂന്നാംവർഷം യു.ജി. ബിരുദം, നാലാംവർഷം ഓണേഴ്സ് ബിരുദം എന്നിങ്ങനെയാണ് കോഴ്സ് ഘടന.
യുജി സർട്ടിഫിക്കറ്റ്, ഡിപ്ലോമ മുതലായവയിൽ വച്ച് പഠനം അവസാനിപ്പിച്ചവർക്ക് മൂന്ന് വർഷത്തിനുള്ളിൽ തിരികെ ചേർന്ന് 4 വർഷത്തെ ബിരുദം പൂർത്തിയാക്കാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ആരംഭിക്കുന്ന മൂന്ന്, നാല് വർഷ കോഴ്സുകൾക്ക് ക്രെഡിറ്റ് രീതി, കരിക്കുലം മുതലായവയുമായി ബന്ധപ്പെട്ട ‘പാഠ്യപദ്ധതി- ക്രെഡിറ്റ് ചട്ടക്കൂടിന്റെ’ മാർഗനിർദേശത്തിലാണ് യുജിസി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.