നിയമസഭയിൽ ക്ഷുഭിതനായി നിതീഷ് കുമാർ
പട്ന: മദ്യനിരോധനത്തെ ബി.ജെ.പി അംഗങ്ങൾ നിയമസഭയിൽ ചോദ്യം ചെയ്തപ്പോൾ ക്ഷുഭിതനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബി.ജെ.പി എം.എൽ.എമാർ മദ്യപന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാരൺ ജില്ലയിലെ വ്യാജമദ്യദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബീഹാറിലെ മദ്യനിരോധന നയം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു.
മദ്യനിരോധന നയത്തെ ന്യായീകരിച്ച് നിതീഷ് പ്രതികരിച്ചപ്പോഴാണ് ബിജെപി അംഗങ്ങൾ ശബ്ദമുയർത്തിയത്. ഇതിന് പിന്നാലെയാണ് നിതീഷ് ബിജെപി അംഗങ്ങളെ മദ്യപന്മാരെന്ന് ആക്ഷേപിച്ചത്. നിതീഷ് കുമാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ ബഹളം വെച്ചപ്പോൾ ഭരണപക്ഷ അംഗങ്ങൾ മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. ബഹളം സംഘർഷത്തിന്റെ ഘട്ടത്തിലെത്തിയപ്പോൾ സ്പീക്കർ സഭാനടപടികൾ നിർത്തിവെച്ചു.
കഴിഞ്ഞ ദിവസം സാരൺ ജില്ലയിൽ വ്യാജമദ്യദുരന്തത്തിൽ ആറ് പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. മദ്യനിരോധനം നിലനിൽക്കുന്ന ബീഹാറിൽ അടിക്കടി വ്യാജമദ്യദുരന്തങ്ങൾ ഉണ്ടാകുന്നത് സർക്കാരിനു തലവേദനയായി മാറിയിരിക്കുകയാണ്.