സംസ്ഥാനത്ത് 25 വർഷത്തിനിടെ ഏറ്റവും കൂടുതൽ മഴ കിട്ടിയ ഡിസംബർ; റെക്കോർഡിട്ട് 2022

തിരുവനന്തപുരം: 25 വർഷത്തിനിടെ ഏറ്റവും ഉയർന്ന മഴ ലഭിച്ച ഡിസംബർ മാസം 2022ലേത്. ഡിസംബർ 1 നും 18 നും ഇടയിൽ ഇതുവരെ 84.7 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഡിസംബർ മാസത്തിൽ ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയത് 1946ലാണ്. 202.3 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

11 വർഷങ്ങളിൽ ഡിസംബർ മാസത്തിൽ കേരളത്തിൽ 100 മില്ലിമീറ്റർ അധികം മഴ ലഭിച്ചിരുന്നു. 1997 (93.4 മില്ലീമീറ്റർ), 1998 (84.3 മില്ലിമീറ്റർ), 2015 (79.5 മില്ലിമീറ്റർ) വർഷങ്ങളിൽ കൂടുതൽ മഴ റെക്കോർഡ് ചെയ്തിരുന്നു.

നിലവിൽ കേരളത്തിൽ തുലാവർഷത്തിൽ 3 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 483.8 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 471 മില്ലിമീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചപ്പോൾ മറ്റ് ജില്ലകളിൽ മഴ കുറവാണ് രേഖപ്പെടുത്തിയത്.