യുവതി തട്ടിക്കൊണ്ടുപോയ പേര്‍ഷ്യന്‍ പൂച്ചയെ തിരിച്ചേല്‍പ്പിച്ചു.
മണ്ണാര്‍ക്കാട് യുവതി തട്ടിക്കൊണ്ടുപോയ പേര്‍ഷ്യന്‍ പൂച്ചയെ തിരിച്ചേല്‍പ്പിച്ചു. പൂച്ചയെ കടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് രഹസ്യമായി പൂച്ചയെ മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ തിരിച്ചേല്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് പൂച്ചയുടെ ഉടമ ഉമ്മര്‍ പരാതി പിന്‍വലിച്ചു.
ഇരുപതിനായിരം രൂപ വില വരുന്ന പൂച്ചയെ ജനുവരി 24നാണ് മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് യുവതി കടത്തിക്കൊണ്ടുപോയത്. പേര്‍ഷ്യന്‍ ഇനത്തില്‍ പെട്ട പൂച്ചയെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവന്നതായിരുന്നു. ഡോക്ടറെ കാണിച്ച ശേഷം ഉമ്മറിന്റെ കോഴിക്കടയില്‍ ഇരിക്കുന്ന സമയത്താണ് പൂച്ച പുറത്തേക്കിറങ്ങിയത്.
ഈ സമയം യുവതി പൂച്ചയെ പിടി കൂടുകയായിരുന്നു. കോഴിക്കടയിലെ പൂച്ചയാണെന്ന് മറ്റ് കടക്കാര്‍ പറഞ്ഞപ്പോള്‍ അവിടെ കൊടുക്കാമെന്ന് പറഞ്ഞ് പൂച്ചയെയും കൊണ്ട് യുവതി കടന്നു കളഞ്ഞു. കൊണ്ടുപോയവര്‍ തിരിച്ചു തരുമെന്ന് കരുതി കാത്തിരുന്നു. ഫലമില്ലെന്ന് മനസ്സിലായപ്പോഴാണ് മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
യുവതിയുടെ സഹോദരനാണ് അതീവരഹസ്യമായി പൂച്ചയെ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ കൈമാറിയത്. സഹോദരന്‍ തിരികെ പോയതോടെ പൊലീസ് ഉമ്മറിനെ വിളിച്ചു വരുത്തി പൂച്ചയെ ഏല്‍പിച്ചു