സംസ്ഥാനത്തെ പ്രധാന പാലങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റും: മന്ത്രി
സംസ്ഥാനത്തെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അവ ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറ്റുമെന്നും ഇതിന്റെ ഭാഗമായി പ്രധാന പാലങ്ങളുടെ താഴ് ഭാഗങ്ങൾ ടൂറിസത്തിന് അനുയോജ്യമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
2022 കോവിഡ് കാലഘട്ടത്തിന് ശേഷം ടൂറിസം മേഖലയിൽ ഏറ്റവും മികച്ച മുന്നേറ്റം നടന്നത് കേരളത്തിലാണ്. അതിന് കാരണം കേരളത്തിലെ പ്രകൃതി രമണീയമായ സ്ഥലങ്ങൾ മാത്രമല്ലെന്നും കേരളത്തിലെ ജനങ്ങളുടെ മനസും പ്രധാന ഘടകമാണെന്നും മന്ത്രി പറഞ്ഞു. മുക്കം ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിൽ ഒരു ഡിസൈൻ നയം വേണമെന്ന് മുഖ്യമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആറു മാസക്കാലത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നുദിവസങ്ങളിലായി ടൂറിസം പൊതുമരാമത്ത് മേഖലകളുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിക്കുകയും ഇതിലെ പ്രധാന നിർദേശങ്ങൾ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. ജോർജ് എം. തോമസ് മുഖ്യാതിഥിയായി. നഗരസഭാ ചെയർമാൻ പി.ടി. ബാബു, കെ.പി. ചാന്ദിനി, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ രായ വി. കുഞ്ഞൻ, അബ്ദുൽ മജീദ്, പ്രജിത പ്രദീപ്, കെ.കെ. റുബീന, ഇ. സത്യനാരായണൻ, എക്സിക്യൂട്ടീവ് എൻജിനീയർ ഇ.ജി വിശ്വപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.