രണ്ടാം ദിവസം പനി, എബോളയ്ക്ക് സമാനമായ ലക്ഷണങ്ങള്‍; മാര്‍ബര്‍ഗ് വൈറസ് മുന്നറിയിപ്പുമായി അമേരിക്ക

ഫീവറിന് കാരണമാകുന്ന മാര്‍ബര്‍ഗ് വൈറസ് മുന്നറിയിപ്പുമായി യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍.

ഗിനിയ, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ മാര്‍ബര്‍ഗ് വൈറസ് പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

പനിയും തലവേദനയും, അതിസാരം മുതല്‍ വിഷാദം വരെ, ലക്ഷണങ്ങള്‍

എബോള വൈറസിന്റെ കുടുംബമായ ഫിലോവിറിഡേ ഫാമിലിയില്‍പ്പെട്ടതാണ് മാര്‍ബര്‍ഗ് വൈറസും. എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങളാണ് ഇതുണ്ടാക്കുന്നത്. വൈറസ് ശരീരത്തിനുള്ളിലെത്തിയാല്‍ രണ്ട് ദിവസം മുതല്‍ 21 ദിവസങ്ങള്‍ക്കകം രോഗി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച്‌ തുടങ്ങും. ശക്തമായ പനിയും കടുത്ത തലവേദനയും അസ്വസ്ഥത, പേശീ വേദന എന്നിവയുമാണ് ആദ്യ ലക്ഷണങ്ങള്‍. മൂന്നാം ദിവസം അതിസാരം, വയര്‍വേദന, ഛര്‍ദ്ദി, മനംമറിച്ചില്‍ എന്നീ ലക്ഷണങ്ങള്‍ കാണും. അതിസാരം ഒരാഴ്ച വരെ നീണ്ടുനില്‍ക്കാം.

രോഗിയുടെ കണ്ണുകള്‍ കുഴിഞ്ഞ് വികാരരഹിതമായ മുഖം പോലെ തോന്നുന്നതും മാര്‍ബര്‍ഗ് വൈറസ് ശരീരത്തില്‍ പ്രവേശിച്ചതിന്റെ ലക്ഷണമാണ്. വൈറസ് ബാധിച്ച്‌ അഞ്ചാം നാള്‍ മുതല്‍ ഏഴാം ദിവസത്തിനുള്ളില്‍ ഛര്‍ദ്ദിലിലും മലത്തിലും രക്തം പ്രത്യക്ഷപ്പെട്ടേക്കാം. മൂക്ക്, മോണ, യോനി എന്നിവിടങ്ങളില്‍ നിന്ന് രക്തസ്രാവവും ഉണ്ടാകാം. ചൊറിച്ചില്‍ ഇല്ലാതെ തൊലിപ്പുറത്ത് വരുന്ന തിണര്‍പ്പും മാര്‍ബര്‍ഗ് വൈറസ് ലക്ഷണമാണ്. ആശയക്കുഴപ്പം, ദേഷ്യം, വിഷാദം തുടങ്ങിയ പ്രശ്നങ്ങളും രോഗികളില്‍ കാണാം.

വവ്വാലില്‍ നിന്ന് മനുഷ്യരിലേക്ക്

ഫെബ്രുവരിയിലാണ് മാര്‍ബര്‍ഗ് വൈറസ് സാന്നിധ്യം ഗിനിയയിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. മാര്‍ച്ചില്‍ ഇവിടെ ഒന്‍പതോളം ആളുകള്‍ക്ക് വൈറസ് ബാധ പിടിപെട്ടു. രോഗം പിടിപെട്ടാല്‍ 50 ശതമാനമാണ് മരണ നിരക്ക്. ഇതിനുമുന്‍പുണ്ടായ അണുബാധ പടര്‍ച്ചകളില്‍ മരണ നിരക്ക് 88 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്

പഴ വവ്വാലുകളായ ‌ടെറോപോഡിഡേ കുടുംബത്തില്‍പ്പെട്ട റോസെറ്റസ് ഏഗിപ്റ്റിയാകസ് ആണ് മാര്‍ബര്‍ഗ് വൈറസിന്റെ വാഹകര്‍. വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നതെന്നാണ് കരുതുന്നത്. ശരീരസ്രവങ്ങളില്‍ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നു. രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രങ്ങള്‍ തുടങ്ങിയ പ്രതലങ്ങള്‍ വഴി വൈറസ് പകരാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിനൊന്നും നിലവില്‍ കണ്ടെത്തിയിട്ടില്ലെന്നത് വെല്ലുവിളിയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ലക്ഷണങ്ങള്‍ ചികിത്സിക്കാനും വായിലൂടെയും ഞരമ്ബുകളിലൂടെയും ദ്രാവകങ്ങള്‍ കയറ്റി ശരീരത്തിലെ ജലാംശം നിലനിര്‍ത്താനുമാണ് ഡോക്ടര്‍മാര്‍ പ്രധാനമായും ശ്രമിക്കുക.