ചൂടിന് ശമനമില്ല; 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴ കിട്ടും. പ്രത്യേകിച്ച് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. അതേമയം, കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപ് സമൂഹങ്ങളിലും കൂടുതലിടങ്ങളിലേക്കും വ്യാപിക്കുകയാണ്.
സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം പകൽ സമയത്ത് ജനം വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. പകൽ 11 നും മൂന്ന് മണിക്കും ഇടയിൽ വെയിൽ കൊള്ളുന്നത് സൂര്യാഘാതമേൽക്കാൻ കാരണമായേക്കും എന്നതിനാലാണിത്.