മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 288 പേര്‍ മരണപ്പെട്ട സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായി.

ബാലസോർ : ഒഡിഷയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 288 പേര്‍ മരണപ്പെട്ട സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായി.
747 പേര്‍ അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 56 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം നടന്നത്. ഷാലിമാര്‍ -ചെന്നൈ കോറൊമണ്ഡല്‍ എക്സ്പ്രസിന്റെ 10 -12 കോച്ചുകള്‍ പാളം തെറ്റി മറിയുകയായിരുന്നു ആദ്യം. തൊട്ടു പിറകെ വന്ന ബംഗളൂരു -ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റിയ ബോഗികള്‍ക്ക് മുകളിലൂടെ കയറി. അതിന്റെ മൂന്ന്-നാല് കോച്ചുകള്‍ പാളം തെറ്റി വീണു. അതിനു തൊട്ടടുത്ത പാളത്തിലൂടെ വന്ന ചരക്കു ട്രെയിൻ ഈ ബോഗികളില്‍ ഇടിക്കുകയുമായിരുന്നു. ഇതാണ് വൻ ദുരന്തത്തിന് ഇടവെച്ചത്.

രാത്രി നടന്ന സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനം ബുദ്ധിമുട്ടേറി. ആയിരക്കണക്കിന് ആളുകള്‍ അപകടതില്‍ പെട്ടതോടെ ആംബുലൻസുകളും രക്ഷാപ്രവര്‍ത്തകരും അക്ഷീണം പ്രവര്‍ത്തിച്ചു. നാട്ടുകാരുള്‍പ്പെടെ എത്തിയാണ് പരക്ഷാ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയത്.

സൈന്യത്തിന്റെ സഹായവും തേടി. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. സൈന്യത്തിന്റെ മെഡിക്കല്‍, എഞ്ചിനീയറിങ് വകുപ്പുകള്‍ രക്ഷ പ്രവര്‍ത്തനത്തിനുണ്ടായിരുന്നു. പരിക്കേറ്റ് ട്രെയിനിനുള്ളില്‍ കുടുങ്ങഇയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുന്നതിനായി രണ്ട് എം.ഐ. 17 വിമാനങ്ങളും സേവനം നടത്തി. ഭുവനേശ്വര്‍ എയിംസിലെ ഡോക്ടര്‍മാര്‍ ബലസോറിലെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

റെയില്‍വേ അധികൃതരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്.അതേസമയം, അപകടത്തില്‍ റെയില്‍വേ മന്ത്രാലയം ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.