ഇന്ന് കർക്കടകം ഒന്ന്, ഇനി രാമായണ ശീലുകളാൽ മുഖരിതമായ മുപ്പതുനാളുകൾ
ഇന്ന് കർക്കടകം ഒന്ന്. ഇനി രാമായണ ശീലുകളാൽ മുഖരിതമായ മുപ്പതുനാളുകൾ. വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് പാരായണം ചെയ്യും. കോരിച്ചൊരിയുന്ന മഴയും പഞ്ഞക്കർക്കടകത്തിലെ പട്ടിണിയും പഴയപോലെയില്ല ഇന്ന്. എങ്കിലും എല്ലാ വ്യഥകളും മായ്ക്കുന്ന അക്ഷരവെളിച്ചമായി രാമായണം മലയാളി ഭവനങ്ങളെ പ്രകാശസാന്ദ്രമാക്കും. മലയാള വർഷത്തിന്റെ അവസാന മാസമായ കർക്കടകത്തെ ശ്രദ്ധയോടെയും വൃത്തിയോടെയും, ശുദ്ധിയോടെയും കാത്തു സൂക്ഷിക്കണം എന്നാണ് കരുതപ്പെടുന്നത്.
എല്ലാ ദിനവും രാമായണം വായിക്കുന്നതിനാൽ കർക്കടക മാസത്തിനെ രാമായണ മാസമെന്നും പറയുന്നു. രാമായണ മാസാചരണം കര്‍ക്കിടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്തി പകരും എന്നാണ് വിശ്വാസം. ഈ മാസം വിശ്വാസികളായ ഹിന്ദുക്കളുടെ വീടുകളിൽ ഗൃഹനാഥനോ ഗൃഹനാഥയോ വിളക്ക് കത്തിച്ച് വച്ച് രാമായണം പാരായണം ചെയ്യും. അത്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അതായത് രാമായണം വായിക്കുമ്പോള്‍ അതിലെ ശോകഭാവം നാം ഉള്‍ക്കൊള്ളുന്നുവെന്നർത്ഥം.
അവതാര പുരുഷനായ ശ്രീരാമനു പോലും ഒട്ടേറെ വേദനകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോകേണ്ടി വന്നു അപ്പോൾ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്ത് പ്രസക്തി എന്ന ചിന്ത സാധാരണ മനുഷ്യർക്ക് ഉണ്ടാകും.ഈ ചിന്ത വിശ്വാസികൾക്ക് കഠിനതകൾ കടക്കാൻ അത്യന്തം ആത്മബലം നൽകുന്ന ഒന്നാണ്. മനസിലെ അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്.