ജില്ലാ പഞ്ചായത്തിന്റെ മുഴുവൻ സ്കൂളുകളിലെയും ശുചിമുറികൾ ഇനി പ്രീ ഫാബ്രിക്കേറ്റഡ്

കണ്ണൂർ: ജില്ലാ പഞ്ചായത്തിനു കീഴിലെ മുഴുവൻ സ്കൂളുകളിലും ഇനി പ്രീ ഫാബ്രിക്കേറ്റഡ് മോഡുലാർ ശുചിമുറികളാകും. കഴിഞ്ഞ വർഷം നടപ്പാക്കിയതിനു പിന്നാലെ രണ്ടാം ഘട്ടത്തിൽ ഈ വർഷം 35 സ്കൂളുകളിൽ കൂടി പ്രീ ഫാക്കേറ്റഡ് മോഡുലാർ ശുചിമുറികൾ സ്ഥാപിക്കും. 22 എണ്ണം ആൺകുട്ടികൾക്കും 16 എണ്ണം പെൺകുട്ടികൾക്കും ഉൾപ്പെടെ 38 യൂണിറ്റ് ശുചിമുറികളാണ് സ്ഥാപിക്കുക. ഇവ സ്ഥാപിക്കുന്നതിന് പ്രൊജക്ട് മാനേജ്മെന്റ് കൺസൽറ്റൻസിക്കുള്ള ടെൻഡറിൽ സിൽക്കിന്റെ ടെൻഡർ അംഗീകരിച്ചിട്ടുണ്ട്.

4 കോടി രൂപയാണ് പദ്ധതിക്ക് നീക്കിവച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം 36 സ്കൂളുകളിലായി 49 യൂണിറ്റ് ശുചിമുറികളാണ് സ്ഥാപിച്ചത്. ഇതിൽ 31 എണ്ണം ആൺ കുട്ടികൾക്കും 18 എണ്ണം പെൺകുട്ടികൾക്കും ഉള്ളതാണ്. 3.8 കോടി കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാൻഡും 2.34 കോടി പ്ലാൻ ഫണ്ടും ഉപയോഗിച്ചായിരുന്നു ശുചിമുറികൾ പണിതീരുന്നത്. ജില്ലാ പഞ്ചായത്തിന് കീഴിൽ 71 സ്കൂളുകളാണുള്ളത്.

പ്രീ ഫാബ്രിക്കേറ്റഡ് ശുചിമുറികൾ: സവിശേഷതകൾ

💠പരിസ്ഥിതി സൗഹൃദം

💠എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റും

💠 പെട്ടെന്ന് സ്ഥാപിക്കാനാകും

💠 അഴിച്ച് മാറ്റിയെടുക്കാനാകും

💠 എവിടെയും സ്ഥാപിക്കാം

💠 ദീർഘകാലം നിലനിൽക്കും

💠 ഏത് കാലാവസ്ഥയിലും നിലനിൽക്കും

💠 ചൂട് ഏൽക്കില്ല, ഭാരമില്ല

💠 നിർമാണം അലുമിനിയം പഫ് ഷീറ്റ് കൊണ്ട്

💠 സ്റ്റോറേജ് ടാങ്ക് ഉണ്ടാകും