ജയിലർ 150 കോടി ക്ലബിലേക്ക്
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ ആഗോളതലത്തിൽ 150 കോടി ക്ലബിലേക്ക്. രണ്ട് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 152.02 കോടിയാണ് നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റായ മനോബാല റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ദിനത്തിൽ മാത്രം ചിത്രം 95.78 കോടിയാണ് ആഗോളതലത്തിൽ നേടിയത്. രണ്ടാം ദിനമായ ഇന്നലെ 56.24 കോടിയാണ് സിനിമയുടെ കളക്ഷൻ.കേരളത്തിൽ മികച്ച കളക്ഷനാണ് ചിത്രം നേടിയത്. മോഹൻലാലിന്റെ കാമിയോ വേഷം തിയേറ്ററിലേക്ക് കൂടുതൽ പ്രേക്ഷകരെ എത്തിക്കുന്നുണ്ട്. രണ്ട് ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്ന് മാത്രം 10.5 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലും 2023ലെ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ ചിത്രമായിരിക്കുകയാണ് ജയിലർ. വിദേശത്ത് ചിത്രം 33 കോടിയാണ് ഇന്നലെ നേടിയത്. തമിഴ് സിനിമയിലെ മറ്റൊരു ഇൻഡസ്‍ട്രി ഹിറ്റായി ജയിലർ മാറുമെന്നാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന.തമിഴ്‌നാട്ടിൽ മുഴുവൻ തിയേറ്ററുകളിലും കേരളത്തിൽ മുന്നൂറിലധികം തിയേറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്തത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. രജനിക്കൊപ്പം ശിവരാജ്‌കുമാർ, ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണന്‍, തമന്ന, യോഗി ബാബു, വിനായകൻ എന്നിവരടക്കമുള്ള വലിയ താരനിരയാണ് നെൽസൺ ദിലീപ്കുമാർ ചിത്രത്തിന്റെ ഭാഗമാകുന്നത്