മഴ പെയ്തില്ലെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.
പാലക്കാട്: മഴ പെയ്തില്ലെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണ്. അതേസമയം നിലവിൽ വൈദ്യുതിനിരക്ക് കൂട്ടാൻ തീരുമാനമില്ലെന്നും നാളത്തെ വൈദ്യുതി ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മഴ പെയ്താൽ വൈദ്യുതിനിരക്ക് കൂട്ടേണ്ട ആവശ്യം വരില്ല. മഴയില്ലെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും. വാങ്ങുന്ന വിലയ്ക്കേ കൊടുക്കാൻ പറ്റൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിധത്തിൽ വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. ഡാമുകളിൽ വെള്ളമില്ലാത്തതിനാൽ അധിക വൈദ്യുതി പണംകൊടുത്ത് വാങ്ങേണ്ടിവരും. എത്ര രൂപകൊടുത്ത് വാങ്ങണമെന്ന കാര്യത്തിൽ ബുധനാഴ്ചത്തെ യോഗത്തിൽ തീരുമാനമുണ്ടാകും.
തുടർന്ന് സാഹചര്യം വിലയിരുത്തി വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെയടക്കം തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വില കൂട്ടണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.