ചാന്ദ്രയാൻ 3പേടകങ്ങൾ ഇന്ന്‌ വേർപിരിയും

ചാന്ദ്രയാൻ 3 സോഫ്‌റ്റ്‌ ലാൻഡിങ്ങിന്‌ ഒരാഴ്‌ച മാത്രം ബാക്കി നിൽക്കേ, പേടകങ്ങളുടെ ‘വേർപിരിയൽ’ വ്യാഴാഴ്‌ച. ഭൂമിയുടെ ഭ്രമണ പഥത്തിൽ നിന്ന്‌ ലാൻഡറും റോവറും അടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്ര വലയത്തിൽ എത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ ഉച്ച കഴിഞ്ഞ്‌ പ്രധാന ദൗത്യം പൂർത്തിയാക്കും.

പകൽ ഒന്നരയോടെ ബംഗളൂരുവിലെ ഐ എസ്‌ ആർ ഒ കേന്ദ്രമായ ഇസ്‌ട്രാക്ക്‌ നൽകുന്ന കമാൻഡ്‌ സ്വീകരിച്ച്‌ ലാൻഡറിൽ നിന്ന്‌ മൊഡ്യൂൾ വേർപെടും. ത്രസ്‌റ്ററുകൾ ജ്വലിപ്പിച്ച് ആയിരിക്കുമിത്‌. തുടർന്ന്‌ ഇരു പേടകങ്ങളും കുറേ മണിക്കൂറുകൾ ഒരേ പാതയിൽ സഞ്ചരിക്കും.

വെള്ളി, ശനി ദിവസങ്ങളിൽ ലാൻഡറിലെ ലിക്വിഡ്‌ അപോജി മോട്ടോർ 33 സെക്കന്റ്‌ ജ്വലിപ്പിച്ച്‌ ലാൻഡറിനെ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്ത്‌ എത്തിക്കും. നാല് ദിവസം 30നും 100 കി.മീറ്ററിനും ഇടയിലുള്ള ഭ്രമണപഥത്തിൽ ലാൻഡർ ചന്ദ്രനെ ചുറ്റും. 23ന്‌ ഉച്ച കഴിയുന്നതോടെ സ്വയം നിയന്ത്രിത സംവിധാനം വഴി സോഫ്‌റ്റ്‌ ലാൻഡിങ്ങിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും.