പുതുപ്പള്ളിയിൽ പോളിംഗ് നാളെ; ഏഴ് സ്ഥാനാര്‍ത്ഥികള്‍, 1,76,417 വോട്ടര്‍മാര്‍

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. നാളെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് ആറിന് അവസാനിച്ചു. ഇനി നിശബ്ദപ്രചാരണമാണ്. ജെയ്ക്ക് സി തോമസ്, ചാണ്ടി ഉമ്മന്‍, ലിജിന്‍ ലാല്‍ അടക്കം ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരുണ്ട്. 957 പുതിയ വോട്ടര്‍മാരുണ്ട്.

കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. മൊത്തം 20 ടേബിളുകളിലായാണ് കൗണ്ടിങ് നടക്കുക. 14 ടേബിളുകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് ടേബിളുകളില്‍ തപാല്‍ വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണലിന് 74 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ ഏഴിന് കോട്ടയം ബസേലിയോസ് കോളജില്‍ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥരെ സ്‌ട്രോങ് റൂം പ്രവര്‍ത്തിക്കുന്ന ബസേലിയസ് കോളജില്‍ നിന്ന് പോളിംഗ് ബൂത്തുകളില്‍ എത്തിക്കുന്നതിനായി 54 വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 228 വീതം കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളുടെയും വി.വി പാറ്റുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഇവ കൂടാതെ 19 വി.വി പാറ്റുകള്‍ കൂടി അധികമായി കരുതിയിട്ടുണ്ട്.

.