ആധാറിലെ വിവരങ്ങൾ സൗജന്യമായി പുതുക്കൂ, സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് ഒരാഴ്ച
സൗജന്യമായി ആധാർ വിവരങ്ങൾ പുതുക്കാനുള്ള സമയപരിധി ഉടൻ അവസാനിക്കും. സെപ്റ്റംബർ 14 വരെയാണ് ആധാറിലെ വിവരങ്ങൾ കൂട്ടിച്ചേർക്കാനും, തിരുത്താനും സൗജന്യമായി സാധിക്കുന്ന അവസാന ദിവസം. ആധാർ ഏജൻസിയായ യുഐഡിഎഐയുടെ അറിയിപ്പ് പ്രകാരം, ആധാർ എടുത്ത് കഴിഞ്ഞ 10 വർഷത്തിനിടെ അതിലെ വിവരങ്ങൾ ഒന്നും അപ്ഡേറ്റ് ചെയ്യാത്തവർ നിശ്ചിത സമയപരിധിക്കുള്ളിൽ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ആധാർ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
നേരത്തെ ജൂൺ 14 വരെയായിരുന്നു ആധാറിലെ വിവരങ്ങൾ സൗജന്യമായി തിരുത്താനുള്ള തീയതി നിശ്ചയിച്ചിരുന്നത്. അത് പിന്നീട് മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കുകയായിരുന്നു. സർക്കാർ ആനുകൂല്യങ്ങൾക്കും, മറ്റ് ആവശ്യങ്ങൾക്കും ആധാർ ഐഡന്റിഫിക്കേഷൻ നിർബന്ധമാണ്. പല രേഖകളും ഇതിനോടകം തന്നെ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം ആധാർ ഉടമകൾക്ക് വിവരങ്ങൾ സൗജന്യമായി തിരുത്താവുന്നതാണ്. അക്ഷയ സെന്റർ വഴി വിവരങ്ങൾ പുതുക്കാൻ 50 രൂപയാണ് സർവീസ് ചാർജായി നൽകേണ്ടത്.