മണിപ്പൂരിലുണ്ടായ വെടിവെയ്പ്പിൽ രണ്ട് പേർ മരിച്ചു 11 പേർക്ക് വെടിയേറ്റു
വംശീയ സംഘർഷം നടക്കുന്ന മണിപ്പൂരിലുണ്ടായ വെടിവെയ്പ്പിൽ രണ്ട് പേർ മരിക്കുകയും 11 പേർക്ക് വെടിയേൽക്കുകയും ചെയ്തു.
തെങ്നൗപാൽ ജില്ലയിലാണ് വെടിവെപ്പ് ഉണ്ടായത്. പ്രതിഷേധക്കാരും അസം റൈഫിൾസും തമ്മിലാണ് ഏറ്റുമുട്ടിയത്. വ്യത്യസ്ത ഇടങ്ങളിൽ നടന്ന സംഘർഷങ്ങളിൽ അമ്പതോളം പേർക്ക് പരുക്ക് ഏറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തെങ്നൗപാൽ ജില്ലയിലെ പല്ലേൽ മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാ സേന സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
ബുധനാഴ്ച ബിഷ്ണുപൂർ ജില്ലയിലെ ഫൗഗക്ചാവോ ഇഖായിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ടോർബംഗിലെ ആളൊഴിഞ്ഞ വീടുകളിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമം നടത്തി. ബാരിക്കേഡുകൾ ഭേദിച്ച് കടക്കാൻ ശ്രമിച്ചവർക്ക് നേരെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF), അസം റൈഫിൾസ്, മണിപ്പൂർ പോലീസ് എന്നിവരടങ്ങുന്ന സുരക്ഷാ സേന സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.