അടച്ചിട്ട വീടുകളുടെ വൈദ്യുതി മീറ്റര്‍ റീഡിംഗ് സംബന്ധിച്ച്‌ മുന്നറിയിപ്പുമായി കെഎസ്‌ഇബി

അടച്ചിട്ട വീടുകളുടെ വൈദ്യുതി മീറ്റര്‍ റീഡിംഗ് സംബന്ധിച്ച്‌ മുന്നറിയിപ്പുമായി കെഎസ്‌ഇബി. രണ്ട് ബില്ലിംഗ് കാലയളവുകള്‍ക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കും.
എന്നിട്ടും പരിഹാരമായില്ലായെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കെഎസ്‌ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ കേരള ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി റീഡിംഗ്, ബില്ലിംഗ് എന്നിവ സംബന്ധിയായ വ്യവസ്ഥ – 111പ്രകാരം രണ്ട് ബില്ലിംഗ് കാലയളവുകള്‍ക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കണമെന്നും പരിഹാരമായില്ലായെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ദീര്‍ഘ കാലത്തേക്ക് വീട് പൂട്ടിപോകുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ ഒഴിവാക്കുന്നതിനുള്ള സൗകര്യം ഇപ്പോള്‍തന്നെ നിലവിലുണ്ട്. വിവരം അറിയിക്കുന്ന പക്ഷം പ്രത്യേക റീഡിംഗ് എടുക്കുന്നതിനും ആവശ്യമായ തുക മുന്‍കൂറായി അടക്കുന്നതിനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്. കൂടാതെ എല്ലാ വൈദ്യുതി ഉപഭോക്താക്കളും റീഡിംങ് എടുക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ എനര്‍ജി മീറ്ററുകള്‍ സ്ഥാപിക്കേണ്ടതാണ്.യഥാസമയം മീറ്റര്‍ റീഡിംഗ് ലഭ്യമാക്കുന്നതിനും ചട്ടപ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഒഴിവാക്കുന്നതിനും മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.