ബൈജൂസിൽ നിന്നും 5000-ലധികം ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യത
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ പുതിയ പരിഷ്കാര നടപടികൾക്ക് തുടക്കമിട്ട് പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസ്. കമ്പനിയുടെ പുനക്രമീകരണത്തിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 5000-ലധികം ജീവനക്കാരെയാണ് പിരിച്ചുവിടാൻ സാധ്യത. ഇതോടെ, മൊത്തം ജീവനക്കാരിൽ 11 ശതമാനത്തോളം പേർ ബൈജൂസിൽ നിന്നും പടിയിറങ്ങും. ബൈജൂസിൽ പുതുതായി ചുമതലയേറ്റ ഇന്ത്യാ വിഭാഗം സിഇഒ അർജുൻ മോഹന്റെ നേതൃത്വത്തിലാണ് ഇത്തവണ പരിഷ്കാര നടപടികൾക്ക് തുടക്കമിടുന്നത്. അടുത്തിടെ ബൈജൂസിന്റെ ഇന്ത്യൻ ബിസിനസ് സിഇഒ ആയിരുന്ന മൃണാൾ മോഹിത് രാജിവെച്ചതിന് പിന്നാലെയാണ് അർജുൻ മോഹൻ ചുമതലയേറ്റത്.
ബെംഗളൂരു ആസ്ഥാനമായ കമ്പനിയിൽ നിലവിൽ 35,000-ത്തിലധികം ജീവനക്കാരാണ് ഉള്ളത്. ഇത്തവണത്തെ പിരിച്ചുവിടൽ നടപടികൾ മാതൃ കമ്പനിയായ തിങ്ക് ആൻഡ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ഇന്ത്യൻ ജീവനക്കാരെയാണ് ബാധിക്കാൻ സാധ്യത. അതേസമയം, ബൈജൂസിന് കീഴിലുള്ള ആകാശിൽ ജോലി ചെയ്യുന്നവരെ ഇവ ബാധിച്ചേക്കില്ല. പ്രധാനമായും സെയിൽസ്, മാർക്കറ്റിംഗ് എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് പിരിച്ചുവിടൽ നടത്താൻ സാധ്യത. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് ബൈജൂസ് പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളുന്നത്