കാഞ്ഞിരം ഇനി കാസർകോടിന്‍റെ ജില്ലാ വൃക്ഷം,വെള്ളവയറൻ കടൽപ്പരുന്ത് ജില്ലാ പക്ഷി,പെരിയ പാളത്താളി ജില്ലാ പുഷ്പം

കാസര്‍കോട്: ജില്ലയ്ക്ക് ഇനി സ്വന്തമായി പുഷ്പവും പക്ഷിയും വൃക്ഷവും. ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിൽ തന്നെ ഇത്തരം പ്രഖ്യാപനം ഇതാദ്യമായാണെന്ന് അധികൃതര്‍ വ്യക്തമാക്കി.കാഞ്ഞിരമാണ് ഇനി മുതല്‍ കാസർകോടിന്‍റെ ജില്ലാ വൃക്ഷം. വെള്ളവയറൻ കടൽപ്പരുന്തിനെ ജില്ലാ പക്ഷിയായും പാലപ്പൂവന്‍ ആമയെ ജില്ലാ ജീവിയായും പ്രഖ്യാപിച്ചു. പെരിയ പോളത്താളിയാണ് ജില്ലാ പുഷ്പം.കാഞ്ഞിരം എന്നർത്ഥമുള്ള കാസറ എന്ന വാക്കില്‍ നിന്നാണ് കാസർകോട് എന്ന സ്ഥലനാമം ഉണ്ടായത്. കാഞ്ഞിരം അങ്ങിനെ ജില്ലാ വൃക്ഷമായി.

ഇന്ത്യയിലെ അപൂർവ്വമായ. മൃദുലമായ പുറന്തോടുള്ള ഭീമനാമയാണ് പാലപ്പൂവൻ. വംശനാശ ഭീഷണി നേരിടുന്ന ചുവന്ന പട്ടികയിൽ ഉൾപ്പെടുന്ന ശുദ്ധജല ആമവർഗം. കാസർകോട് പാണ്ടിക്കണ്ടത്ത് ഇവയുടെ പ്രജനന കേന്ദ്രം.മാഹി മുതൽ മഞ്ചേശ്വരം വരെയുള്ള 150 കിലോമീറ്റർ പ്രദേശത്ത് മാത്രമാണ് വെള്ളവയറൻ കടൽപ്പരുന്തുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ഒന്നാം പട്ടികയിലുള്ള പക്ഷി.ഉത്തരമലബാറിലെ ചെങ്കൽ കുന്നുകളിൽ നിന്നുൽഭവിക്കുന്ന അരുവികളിൽ മാത്രം കാണുന്ന അപൂർവ സസ്യമാണ് പെരിയ പാളത്താളി. ചുവപ്പ് കലർന്ന വെളുപ്പ് നിറമാണ്പൂക്കൾക്ക്. ഇവയെ ആദ്യമായി കണ്ടെത്തിയത് കാസർകോട്ടെ പെരിയയിൽലാണ്.

ജില്ലാ പഞ്ചായത്തിന്‍റേയും ജൈവ വൈവിധ്യ പരിപാലന സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലയുടെ സ്വന്തം പൂവിനേയും പക്ഷിയേയുമെല്ലാം പ്രഖ്യാപിച്ചത്