വി എസ് അച്യുതാനന്ദന് ഇന്ന് നുറ് വയസ്…

കേരളത്തിലെ പ്രമുഖ ഇടതുപക്ഷ രാഷ്ടീയ നേതാവും, ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയും ആണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി.എസ്. അച്യുതാനന്ദൻ ((ജനനം – 1923 ഒക്ടോബർ 20, പുന്നപ്ര, ആലപ്പുഴ ജില്ല). ഇദ്ദേഹം കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു. നിലവിൽ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ ഇദ്ദേഹം കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനസമ്മതിയുള്ള നേതാവായി വിലയിരുത്തപ്പെടുന്നു. ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2006-ലെ പൊതു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്.

അനാഥത്വത്തിന്റെ നൊമ്പരം പേറി നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട വിഎസ് കടുത്തദാരിദ്ര്യത്തിൽ കെട്ടിപ്പൊക്കിയതായിരുന്നു ആ പോരാട്ട ജീവിതം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് വി.എസ് വിജയിച്ചുകയറിയത്. പക്ഷെ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദൻ ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല എന്നതും ശ്രദ്ധേയം.

പക്ഷാഘാതത്തെ തുടർന്ന് 2019 ഒക്ടോബർ മുതലാണ് വിഎസ് പൂർണ്ണവിശ്രമത്തിലേക്ക് കടന്നത്. പതിവുപോലെ വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറു വയസ്സ് പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികൾ. ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പായസവിതരണം ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും. നൂറാം ജന്മദിനത്തോടനുബന്ധിച്ച് വിഎസിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഎം പുറത്തിറക്കും.