രാജ്യത്തിതുവരെ നൽകിയത് 218.80 കോടി കൊവിഡ് വാക്സിൻ

ന്യൂഡല്‍ഹി: ഇന്ന് രാവിലെ വരെയുള്ള താൽക്കാലിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ നൽകിയ കൊവിഡ് വാക്സിനുകളുടെ എണ്ണം 218.80 കോടി (2,18,80,50,600) കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 3,44,525 ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ 12-14 പ്രായപരിധിയിലുള്ളവർക്കുള്ള കൊവിഡ് -19 വാക്സിനേഷൻ 2022 മാർച്ച് 16 മുതലാണ് ആരംഭിച്ചത്. ഇതുവരെ 4.10 കോടിയിലധികം (4,10,44,847) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്കുള്ള കൊവിഡ് -19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.

നിലവിൽ 34,598 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് മൊത്തം കേസുകളുടെ 0.08 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,481 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4,40,36,152 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.74 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,968 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,801 പരിശോധനകളാണ് നടത്തിയത്. രാജ്യത്ത് ഇതുവരെ 89.59 കോടിയിലധികം (89,59,58,696) കൊവിഡ് പരിശോധനകൾ നടത്തി. നിലവിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.94 ശതമാനവും.