ലൂസിഫറില്‍ പൂര്‍ണ്ണ തൃപ്തി ഉണ്ടായിരുന്നില്ല, ഗോഡ്‍ഫാദര്‍ ഏവരെയും തൃപ്തിപ്പെടുത്തുമെന്ന് ചിരഞ്ജീവി

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘ഗോഡ്ഫാദർ’ തെലുങ്ക് സിനിമാപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫറിന്‍റെ ഒഫീഷ്യൽ റീമേക്കാണ് ചിത്രം. ലൂസിഫറിന്‍റെ റീമേക്കിനെ കുറിച്ച് ചിരഞ്ജീവിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ലൂസിഫറിൽ ഞാൻ പൂർണ്ണമായും തൃപ്തനല്ലായിരുന്നു. വിരസമായ നിമിഷങ്ങളില്ലാത്ത വിധത്തിൽ ഞങ്ങൾ അത് പരിഷ്കരിച്ചു. ഏറ്റവും എന്‍ഗേജിംഗ് ആയ തരത്തിലാണ് ഗോഡ്‍ഫാദര്‍ എത്തുക. എന്തായാലും ഈ സിനിമ നിങ്ങളെ എല്ലാവരെയും തൃപ്തിപ്പെടുത്തുമെന്ന് ചിരഞ്ജീവി പറഞ്ഞു.

ചിരഞ്ജീവിയുടെ കരിയറിലെ 153-ാമത്തെ ചിത്രമായ ഗോഡ്ഫാദർ നാളെ പ്രദർശനത്തിനെത്തും. ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സുരേഷ് സെൽവരാജനാണ് കലാസംവിധാനം.