‘ലോകത്തെ ഏറ്റവും ഏകാകിയായ മനുഷ്യൻ’ വിടവാങ്ങി

റിയോ ഡി ജനീറോ: 26 വർഷത്തോളം ഏകാന്തതയിൽ കഴിയുകയും ‘ലോകത്തിലെ ഏറ്റവും ഏകാന്തനായ മനുഷ്യൻ’ എന്ന വിശേഷണം ലഭിക്കുകയും ചെയ്ത ആമസോൺ കാട്ടിലെ ഗോത്രവർഗക്കാരൻ മരണത്തിന് കീഴടങ്ങി. ബ്രസീലിയൻ സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഗോത്രവിഭാഗത്തിലെ അവസാനത്തെ കണ്ണിയാണ് വിട വാങ്ങിയത്.

ഈ നിഗൂഢ മനുഷ്യൻ തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും മണ്ണിൽ സ്വയം കുഴിച്ച ഒരു കുഴിയിലാണ് ചെലവഴിച്ചത്. അതിനാൽ അദ്ദേഹം ‘മാൻ ഓഫ് ദി ഹോൾ’ എന്നും അറിയപ്പെട്ടു. ഇദ്ദേഹത്തിന് ഏകദേശം 60 വയസ്സുണ്ടെന്നാണ് കണക്ക്.

ഓഗസ്റ്റ് 23 ന് ബ്രസീലിലെ തദ്ദേശീയ കാര്യ ഏജൻസി (ഫുനായ്) ഇദ്ദേഹത്തിന്‍റെ മൃതദേഹം താമസിച്ചിരുന്ന കുടിലിന് പുറത്ത് കണ്ടെത്തിയതായി അറിയിച്ചു. ഇദ്ദേഹത്തിന്റെ ക്ഷേമകാര്യങ്ങൾ ഫുനായി നിരന്തരം നിരീക്ഷിച്ചിരുന്നു. ആക്രമണത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശരീരത്തിന് ചുറ്റും കടും നിറത്തിലുള്ള തൂവലുകൾ വച്ചിരുന്നതിനാൽ സ്വയം മരണം വരിച്ചതാകാനുള്ള സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.