തിരുവനന്തപുരം മെഡിക്കല്‍ കോളേജ് റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ പ്രവര്‍ത്തനസജ്ജമായ ഡി.എസ്.എ മെഷീൻ നാളെ നാടിന് സമര്‍പ്പിക്കും
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ പ്രവര്‍ത്തനസജ്ജമായ ഡി.എസ്.എ മെഷീൻ നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. 6 കോടി രൂപ ചെലവഴിച്ചാണ് മെഡിക്കല്‍ കോളേജ് റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ അത്യാധുനിക ഡി.എസ്.എ. മെഷീന് സ്ഥാപിച്ചത്.
ശരീരത്തിലെ രക്തക്കുഴലുകള്‍ വഴി മാരകരോഗങ്ങള്‍ ചികിത്സിക്കാനുളള സംവിധാനമാണ് ഡി.എസ്.എ മെഷീനിലുളളത്. പക്ഷാഘാതം, തലച്ചോറിലെ രക്തസ്രാവം, വയറിലും അന്നനാളത്തിലുമുണ്ടാകുന്ന അര്‍ബുദരോഗം, മഞ്ഞപ്പിത്തം, രക്തക്കുഴലുകളിലുണ്ടാകുന്ന തടസം ഇങ്ങനെ നിരവധി രോഗങ്ങളുടെ ചികിത്സയ്ക്ക് ഈ ഉപകരണം സഹായകരമാണ്. ഇത്തരം രോഗങ്ങള്‍ക്ക് മേജര്‍ ശസ്ത്രക്രിയ വേണ്ടിടത്ത് ഡി.എസ്.എ. മെഷീന് ഉപയോഗിച്ച് ശരീരത്തിന്റെ അരഭാഗത്ത് ചെറിയ മുറിവുണ്ടാക്കി അതില്‍ക്കൂടി കുഴല്‍ കടത്തി മരുന്നുകള്‍ നല്‍കുന്നതിനും ചികിത്സിക്കുന്നതിനും കഴിയും. അതിനാല്‍ ദീര്‍ഘനാളത്തെ ആശുപത്രി വാസം ഒഴിവാക്കാനാകും.