677 ബില്യണ്‍ ഡോളറിന്റെ ഇടിവ്; ടോപ് 20 ഓഹരികളില്‍ നിന്ന് മെറ്റ പുറത്ത്

2022 ന്റെ തുടക്കത്തിൽ, വിപണി മൂല്യത്തിന്‍റെ കാര്യത്തിൽ ലോകത്തിലെ ആറാമത്തെ വലിയ കമ്പനിയായിരുന്നു മെറ്റ. എന്നാൽ ഇപ്പോൾ കമ്പനിക്ക് ആദ്യ 20 പോലും സ്ഥാനമില്ല. 900 ബില്യൺ ഡോളറിലധികം വിപണി മൂല്യമുണ്ടായിരുന്ന കമ്പനിയുടെ മൂല്യം ഇപ്പോൾ 263.22 ബില്യൺ ഡോളർ മാത്രമാണ്. ഈ വർഷം ഇതുവരെ 677 ബില്യൺ ഡോളറിന്‍റെ ഇടിവാണ് മൂല്യത്തിൽ ഉണ്ടായത്.

10 മാസത്തിനിടെ 70 ശതമാനത്തിലധികം ഇടിഞ്ഞ മെറ്റ സ്റ്റോക്കുകൾക്ക് നിലവിൽ 97.94 ഡോളറാണ് വില. വിപണി മൂല്യത്തിന്‍റെ കാര്യത്തിൽ ഫെയ്സ്ബുക്ക് നിലവിൽ 26-ാം സ്ഥാനത്താണ്. സക്കർബർഗിന്‍റെ മെറ്റാവെർസ് സ്വപ്നങ്ങളിൽ വിശ്വസിക്കാത്ത നിക്ഷേപകർ ഓഹരികൾ ഉപേക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം ജൂലൈ-ഓഗസ്റ്റ് മൂന്നാം പാദത്തിൽ പ്രതീക്ഷിച്ച ലാഭം കൈവരിക്കാനാകാത്തത് വിൽപ്പനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചു.

മൂന്നാം പാദത്തിൽ, മെറ്റയുടെ വരുമാനം 27.7 ബില്യൺ ഡോളറായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 29 ബില്യൺ ഡോളർ വരുമാനം രേഖപ്പെടുത്തിയിരുന്നു. അറ്റാദായം 52 ശതമാനം ഇടിഞ്ഞ് 4.4 ബില്യൺ ഡോളറിലെത്തി. അതേസമയം, കമ്പനിയുടെ ചെലവ് 19 ശതമാനം വർദ്ധിച്ചു. കമ്പനിയുടെ മെറ്റാവേഴ്സ് പ്രോജക്റ്റുകൾ കൈകാര്യം ചെയ്യുന്ന റിയൽറ്റി ലാബ് ഡിവിഷന്‍റെ നഷ്ടം 1.1 ബില്യൺ ഡോളർ ഉയർന്ന് 3.7 ബില്യൺ ഡോളറായി. മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം, സക്കർബർഗ് കമ്പനിയുടെ മെറ്റാവെർസ് പ്രവർത്തനങ്ങളെ ന്യായീകരിച്ച് രംഗത്ത് എത്തിയിരുന്നു.