തായ്ലൻഡിൽ പുതിയ ഇനം ഓയിസ്റ്റർ വിഭാഗത്തെ കണ്ടെത്തി

മുത്തുച്ചിപ്പി അഥവാ ഓയിസ്റ്റർ രണ്ട് തരത്തിലാണ് അറിയപ്പെടുന്നത്. ഒന്ന് ഏറ്റവും രുചികരവും അതിമനോഹരവുമായ ഭക്ഷണ വിഭവം എന്നും മറ്റൊന്ന് ഇവയ്ക്കുള്ളിൽ നിന്ന് ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വിലയേറിയ അലങ്കാര വസ്തുക്കളിൽ ഒന്നായ മുത്തുകളുടെ പേരിലും. ഇവ രണ്ടും നൽകാൻ കഴിയുന്ന ഒരു പുതിയ ഇനം മുത്തുച്ചിപ്പികളെ ഇപ്പോൾ ഗവേഷകർ തിരിച്ചറിഞ്ഞു. തായ്ലൻഡിന്‍റെ കിഴക്കൻ തീരത്തുള്ള ഫുക്കോട്ട് എന്ന പ്രദേശത്താണ് ഗവേഷകർ ഈ പുതിയ ഇനത്തെ കണ്ടെത്തിയത്.

ശാസ്ത്രീയമായി പിൻക്റ്റാഡ ഫുക്കെറ്റെൻസിസ് എന്ന് നാമകരണം ചെയ്യപ്പെട്ട ഈ മുത്തുച്ചിപ്പി പിൻക്റ്റാഡ് ജനുസ്സിൽ പെട്ടവയാണ്. മുന്‍പ് തന്നെ ഉപയോഗത്തില്‍ ഉണ്ടായിരുന്നു എങ്കിലും ഇവ പുതിയ ജീവി വര്‍ഗമാണെന്ന് തിരിച്ചറിഞ്ഞത് ഇപ്പോള്‍ മാത്രമാണ്. ഷാര്‍ക്സ് ബേ പേള്‍ ഓയിസ്റ്റര്‍ എന്ന വിഭാഗത്തിലാണ് ഈ വര്‍ഗത്തെ ഉള്‍പ്പെടുത്തിയിരുന്നത്. അടുത്തിടെ ഇവയുടെ ശരീരഘടനയും, ജനിതകഘടനയും പരിശോധിച്ച് നടത്തിയ പഠനത്തിലാണ് തായ്‌ലൻഡിലെ ഈ ഓയിസ്റ്ററുകള്‍ മറ്റൊരു വര്‍ഗമാണെന്ന് ഗവേഷകര്‍ മനസ്സിലാക്കിയത്.

പിൻക്റ്റാഡ് ജനുസ്സിൽ പെട്ട ഏകദേശം 20 മുത്തുച്ചിപ്പികൾ ലോകത്തുണ്ട്. ഇന്തോ-പസഫിക് മേഖലയിലും അറ്റ്ലാന്‍റിക്കിന്‍റെ പടിഞ്ഞാറൻ ഭാഗത്തും കാണപ്പെടുന്ന ഇവ പ്രധാനമായും ഭൂമധ്യരേഖ, ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് അധിവസിക്കുന്നത്. ഇവയുടെ ലഭ്യതയുടെ അഭാവം കാരണം, ഈ ജനുസ്സിൽപ്പെട്ട ജീവികളെ കൃത്രിമമായി കൃഷി ചെയ്യാറുണ്ട്. ഓയിസ്റ്റർ കൾച്ചർ എന്ന കാർഷിക രീതിയിലൂടെ പ്രധാനമായും ഇറച്ചിക്കായാണ് ഇവയെ വളർത്തുന്നത്. കൃത്രിമമായി വളരുന്ന മുത്തുച്ചിപ്പികളിൽ മുത്തുകൾ അപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂ.