വിവാഹിതനെന്ന് വെളിപ്പെടുത്താതെ കാമുകിയെ വിട്ടുകിട്ടാൻ ഹൈക്കോടതിയിൽ ഹർജി; യുവാവിന് പിഴ

കൊച്ചി: വിവാഹിതനാണെന്ന് വെളിപ്പെടുത്താതെ കാമുകിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ യുവാവിന് ഹൈക്കോടതി പിഴ ചുമത്തി. കുടുംബാംഗങ്ങൾ തടഞ്ഞുവച്ച കാമുകിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഹർജി നൽകിയ തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച് ഷമീറിനാണ് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയത്. ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിവാഹിതനാണെന്ന് മറച്ചുവച്ചതിന് പിഴ ചുമത്തിയത്.

ഷമീറിന്‍റെ കാമുകി നെയ്യാറ്റിൻകര സ്വദേശി അഞ്ജനയെ വീട്ടുകാർ തടവിലാക്കിയിരിക്കുകയാണെന്നും പെൺകുട്ടിയെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം അശ്വതി എന്ന സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇവർ നൽകിയ വിവാഹമോചന ഹർജിയിലെ നടപടികൾ കുടുംബ കോടതിയിൽ പുരോഗമിക്കുകയാണെന്നും, ഷമീർ ഹർജി പരിഗണിച്ച ശേഷമാണ് കോടതിയെ അറിയിച്ചത്. വിവാഹമോചനത്തിന് താൻ സമ്മതം അറിയിച്ചതായും വിവാഹമോചനം അനുവദിക്കുന്ന വിധി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 

എന്നാൽ, ഹർജിയിൽ ഇക്കാര്യം മറച്ചുവച്ചിരിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി ഷമീറിന് പിഴ ചുമത്തുകയായിരുന്നു. മാത്രമല്ല, വിവരങ്ങൾ മറച്ചു വച്ചത്തിൽ അതൃപ്തിയും കോടതി പ്രകടിപ്പിച്ചു. ഇതോടെ ഷമീർ കോടതിയിൽ ക്ഷമാപണം നടത്തുകയും പിഴ അടയ്ക്കാമെന്ന് പറയുകയും ചെയ്തു. ഹൈക്കോടതിയുടെ ഭാഗമായ മീഡിയേഷൻ സെന്‍ററിൽ ഷമീർ 25,000 രൂപ പിഴയൊടുക്കണം. വിവരങ്ങൾ മറച്ചുവച്ചതിന് ഹർജി തള്ളണമായിരുന്നുവെന്നും എന്നാൽ ഹർജിയുടെ സ്വഭാവം കണക്കിലെടുത്താണ് പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞു. മാത്രമല്ല, ഒരാഴ്ചയ്ക്കകം പിഴയടച്ചില്ലെങ്കിൽ ഹർജി തള്ളുമെന്നും കോടതി വ്യക്തമാക്കി. വിവാഹമോചന കേസിന്‍റെ വിശദാംശങ്ങൾ ഒരാഴ്ചയ്ക്കകം അറിയിക്കാൻ തിരുവനന്തപുരം കുടുംബ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി.