ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം,നവദമ്പതികളടക്കം നാലുപേർക്ക് ദാരുണാന്ത്യം.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നവദമ്പതികളടക്കം നാലുപേർക്ക് ദാരുണാന്ത്യം. കൂടല്‍ മുറിഞ്ഞ കല്ലില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി ബസ് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ 4.15 നായിരുന്നു അപകടം സംഭവിച്ചത്.

കോന്നി മല്ലശ്ശേരി സ്വദേശികളായ ഈപ്പൻ മത്തായി, നിഖിൻ (29), അനു (26), ബിജു പി. ജോർജ് എന്നിവരാണ് മരിച്ചത്. മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും. ഇവരെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പൻ മത്തായിയും. കാനഡയിലാണ് നിഖില്‍ ജോലി ചെയ്യുന്നത്. വിവാഹശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു നിഖില്‍.

അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് ഈപ്പൻ മത്തായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കാറിന്റെ മുന്‍വശം ആകെ തകര്‍ന്ന നിലയിലായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഒരാള്‍ സംഭവസ്ഥലത്ത് വച്ചും ബാക്കി മൂവരും ആശുപത്രിയിലേക്കുള്ള വഴിയിലുമായി മരിച്ചത്.തിരിച്ചുവരുമ്പോൾ വീടിന്റെ ഒരു കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാ​ഹം.