നടിയെ ആക്രമിച്ച കേസ് ദിലീപിനെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.വിചാരണക്കോടതി വിധി നീതിനിഷേധമാണെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ നിർണ്ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് കോടതി തള്ളിക്കളഞ്ഞുവെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിധി സ്വാഭാവിക നീതിയുടെയും ക്രിമിനല്‍ നടപടികളുടെയും ലംഘനമാണെന്നാണ് സർക്കാരിന്റെ പ്രധാന വാദം.
പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിലൂടെ അതിജീവിതയുടെ സ്വകാര്യത ലംഘിക്കപ്പെട്ടിട്ടില്ലെന്ന കോടതി കണ്ടെത്തല്‍ വസ്തുതാവിരുദ്ധമാണെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. ഫോറൻസിക് റിപ്പോർട്ടുകളെക്കാള്‍ അനുമാനങ്ങള്‍ക്കാണ് കോടതി മുൻഗണന നല്‍കിയത്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെതിരെ കോടതി നടത്തിയ പരാമർശങ്ങള്‍ അപകീർത്തികരമാണെന്നും അത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്നും അപ്പീലില്‍ പറയുന്നു.
