ആദിവാസി ഭൂമി കൈയ്യേറ്റത്തിന് ഒത്താശയുമായി അധികൃതർ

അട്ടപ്പാടി: അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയ്യേറ്റത്തിന് ഒത്താശ ചെയ്ത് അധികൃതർ. കയ്യേറ്റത്തെ എതിർക്കുന്നവരെ കൊല്ലുമെന്ന് ഭൂമാഫിയ ഭീഷണിപ്പെടുത്തുകയാണ്. നീതി നടപ്പാക്കേണ്ട പൊലീസും കയ്യേറ്റക്കാർക്കൊപ്പമാണെന്ന് ആദിവാസികൾ പറയുന്നു.

പൊലീസിന്‍റെ സഹായത്തോടെയാണ് ഭൂമി കയ്യേറിയത്. അളക്കാൻ വില്ലേജ് ഓഫീസറും ഉണ്ടാകും. വ്യാജ രേഖകളുടെ മറവിലാണ് കയ്യേറ്റങ്ങൾ നടക്കുന്നത്. കഴിഞ്ഞ മാസം കയ്യേറ്റം നടന്ന മരപ്പാലം ഊരിലെ നഞ്ചി, കാളിയമ്മ, വെള്ളിങ്കിരി, പളനി സ്വാമി എന്നിവർക്ക് പറയാനുള്ളത് കയ്യേറ്റ മാഫിയയുടെ ക്രൂരതകളെക്കുറിച്ചാണ്.

കോട്ടത്തറ വില്ലേജിലെ സർവേ നമ്പർ 523/2 വിഭാഗത്തിൽപ്പെട്ട ബധിരന്റെയും നഞ്ചന്‍റെയും ഭൂമി കയ്യേറിയവർ ജൂലൈ 14ന് മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്ത് താൽക്കാലിക ഇഞ്ചക്ഷൻ ഓർഡർ വാങ്ങിയിരുന്നു. ജൂലൈ 23ന് കൈയേറ്റക്കാർ ബുൾഡോസറുമായി ഭൂമിയിൽ പ്രവേശിച്ച് പണി തുടങ്ങി. ആദിവാസികൾ പണി തടഞ്ഞതോടെ ഷോളയൂർ പൊലീസ് സ്ഥലത്തെത്തി താക്കീത് ചെയ്തു. മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് കുടിലും പൊളിച്ചുനീക്കി.