പ്ലസ് വൺ ആദ്യ അലോട്മെന്റിൽ അവസരം ലഭിച്ചവരുടെ പ്രവേശനം പൂർത്തിയായി

മലപ്പുറം: പ്ലസ് വൺ ഒന്നാം അലോട്ട്മെന്‍റിൽ അവസരം ലഭിച്ചവരുടെ പ്രവേശനം പൂർത്തിയായി. രണ്ടാം അലോട്ട്മെന്‍റ് ലിസ്റ്റ് 15ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റിൽ 34103 വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. അലോട്ട്മെന്‍റ് ലഭിച്ചിട്ടും താൽക്കാലിക/സ്ഥിര പ്രവേശനം നേടാത്തവരെ അടുത്ത അലോട്ട്മെന്‍റിൽ ഒഴിവാക്കും. ജനറൽ കാറ്റഗറി, മുസ്ലിം, ഈഴവ, തീയ്യ, ബില്ലവ, വിശ്വകർമ എന്നീ വിഭാഗങ്ങളിൽ മുഴുവൻ സീറ്റുകളിലും അലോട്ട്‌മെന്റായി.

45,997 പേരാണ് രണ്ടാം അലോട്ട്മെന്‍റിനായി കാത്തിരിക്കുന്നത്. ആകെ പരിഗണിച്ച 46,256 മെറിറ്റ് സീറ്റുകളിൽ സ്പോർട്സ്, റിസർവ്ഡ് വിഭാഗങ്ങളിലടക്കം 12,153 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവരുടെ സീറ്റുകളും രണ്ടാം ഘട്ട അലോട്ട്മെന്‍റിന് പരിഗണിക്കും. എസ്.ടി, എസ്.സി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലാണ് ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നത്. ഈ വർഷം 80,100 പേരാണ് അപേക്ഷിച്ചത്.

മൂന്നാം അലോട്ട്മെന്‍റ് 22ന് നടക്കും. പ്രധാന ഘട്ട പ്രവേശനം 24ന് പൂർത്തിയാക്കി 25ന് ക്ലാസുകൾ ആരംഭിക്കും. റാങ്ക് ലിസ്റ്റ് 15ന് പ്രസിദ്ധീകരിക്കുകയും 16ന് പ്രവേശനം ആരംഭിക്കുകയും ചെയ്യും.