എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്; 96 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി

ഡൽഹി: എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് സുഗമമായി പൂർത്തിയായതായി തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഡൽഹിയിൽ പറഞ്ഞു. 9900 വോട്ടർമാരാണ് തിരഞ്ഞെടുപ്പിന് ഉണ്ടായിരുന്നത്. ഇതിൽ 9,500 പേർ വോട്ട് ചെയ്തു. തിരഞ്ഞെടുപ്പിൽ 96 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് നടന്ന എല്ലാ പിസിസികളിലും 90 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയതായും ഭാരത് ജോഡോ യാത്രയിൽ 100 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായും മിസ്ത്രി പറഞ്ഞു. എഐസിസി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ജനാധിപത്യ പ്രക്രിയയോട് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും കോൺഗ്രസിന് മാത്രമേ ഇത് ചെയ്യാൻ കഴിയൂവെന്നും പാർട്ടിയിലെ ജനാധിപത്യത്തിന്‍റെ ശക്തി ഇതിലൂടെ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. 

കർണാടകയിലൂടെ പുരോഗമിക്കുന്ന ഭാരത് ജോഡോ യാത്രയിലെ 52 അംഗങ്ങളാണ് എഐസിസി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ഭാരത് ജോഡോ വേദിയിലെ കണ്ടെയ്നർ റൂമിൽ സജ്ജീകരിച്ച പ്രത്യേക ബൂത്തിലാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ എല്ലാവരും ഇന്ന് വോട്ട് രേഖപ്പെടുത്തിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരാണ് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തിയത്.