ദുബായിലേക്ക് പറക്കാം, പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, പുതിയ നോണ്‍-സ്റ്റോപ്പ് സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്
ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന വിനോദസഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും സന്തോഷ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്.ഹൈദരാബാദില്‍ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകള്‍ ആരംഭിക്കുന്നതായി എയർലൈൻ പ്രഖ്യാപിച്ചു. മാർച്ച് 29 മുതലാണ് പുതിയ നോണ്‍-സ്റ്റോപ്പ് വിമാനങ്ങള്‍ സർവീസ് ആരംഭിക്കുന്നത്. എയർ ഇന്ത്യയുടെ പുനസംഘടനയുടെ ഭാഗമായി മിഡില്‍ ഈസ്റ്റ് റൂട്ടുകളിലെ ഭൂരിഭാഗം സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിന് കീഴിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഭക്ഷണവും കുറഞ്ഞ നിരക്കും
യാത്രക്കാർക്ക് 500 രൂപ മുതല്‍ ആരംഭിക്കുന്ന ‘ഗോർമയർ’ ചൂടുള്ള ഭക്ഷണങ്ങള്‍ വിമാനത്തിനുള്ളില്‍ ഓർഡർ ചെയ്യാം. നിലവില്‍ ഹൈദരാബാദില്‍ നിന്ന് അബുദാബി, ബഹ്‌റൈൻ, ദമാം, ദോഹ, ജിദ്ദ, കുവൈത്ത് സിറ്റി, മസ്‌കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിജയകരമായി സർവീസ് നടത്തുന്നുണ്ട്.
എക്സ്പ്രസ് മോർ സെയില്‍
ഈ മാസമാദ്യം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങള്‍ക്ക് 20 ശതമാനം വരെ ഇളവ് നല്‍കുന്ന പ്രത്യേക സെയില്‍ എയർലൈൻ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ അഞ്ച് ദശലക്ഷം സീറ്റുകളാണ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കിയിരുന്നത്. ഫെബ്രുവരി 11 മുതല്‍ ഡിസംബർ 31 വരെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായിട്ടായിരുന്നു ഈ ഓഫർ. ഹൈദരാബാദില്‍ നിന്ന് ദുബായിലേക്ക് കൂടുതല്‍ സർവീസുകള്‍ വരുന്നത് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കില്‍ വലിയ ലാഭമുണ്ടാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
