എയര്‍ വൈസ് മാര്‍ഷൽ ബി. മണികണ്ഠൻ ഇനി മുതൽ എയര്‍ മാര്‍ഷല്‍

ന്യൂഡല്‍ഹി: കോട്ടയം സ്വദേശിയും എയർഫോഴ്സിൽ എയർ വൈസ് മാർഷലുമായിരുന്ന ബി.മണികണ്ഠൻ എയർ മാർഷൽ പദവിയിലേക്ക്. എയർ വൈസ് മാർഷൽ മണികണ്ഠൻ നിലവിൽ ന്യൂഡൽഹിയിലെ ഇന്‍റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ആസ്ഥാനത്ത് അസിസ്റ്റന്‍റ് ചീഫ് (എ.ഐ.എ.ഡി.എസ്) ആയി സേവനമനുഷ്ഠിക്കുന്നു.
കഴക്കൂട്ടത്തെ സൈനിക് സ്കൂളിലും പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലും പഠനം പൂർത്തിയാക്കിയ അദ്ദേഹം 1986 ജൂണിൽ ഹെലികോപ്റ്റർ പൈലറ്റായി ഇന്ത്യൻ വ്യോമസേനയിൽ പ്രവർത്തിച്ചു. ശ്രീലങ്കയിൽ എൽടിടിഇക്കെതിരായ ഓപ്പറേഷൻ പവൻ, സിയാച്ചിനിലെ ഓപ്പറേഷൻ മേഘ്ദൂത് എന്നിവയിൽ അദ്ദേഹം പങ്കെടുത്തു. ഡമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ യുഎൻ ടാസ്ക് ഫോഴ്സിലും അദ്ദേഹം അംഗമായിരുന്നു. ബംറോളി, ലേ വ്യോമസേനാ സ്റ്റേഷനുകളുടെ കമാന്‍ഡറായും വ്യോമസേനാ ആസ്ഥാനത്തും നാഗ്പൂരിലെ മെയ്ന്റനന്‍സ് കമാന്‍ഡിലും വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2006 ൽ വായുസേന മെഡലും 2017 ൽ ആതി വിശിഷ്ട് സേവാ മെഡലും ലഭിച്ചിരുന്നു.