Latestകേരളം

പത്തനംതിട്ടയില്‍ സ്വകാര്യ ബസിനുള്ളില്‍ വീണ് കയ്യൊടിഞ്ഞ 71കാരിയെ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടതായി പരാതി

ആലപ്പുഴ: ബസിനുള്ളില്‍ വീണ് പരിക്കേറ്റ വയോധികയെ റോഡില്‍ ഇറക്കി വിട്ട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. ചെങ്ങന്നൂർ – പത്തനംതിട്ട റൂട്ടില്‍ സർവ്വീസ് നടത്തുന്ന മാടപ്പള്ളില്‍ എന്ന ബസിലെ ജീവനക്കാരാണ് ക്രൂരത കാട്ടിയത്.കുമ്പളാംപൊയ്ക കൊച്ചു മുറിയില്‍ ഓമന വിജയനാണ് (71) പരിക്കേറ്റത്.

ഞായറാഴ്‌ച്ച ഉച്ചയ്‌ക്ക് 2 മണിയോടെ ഇലന്തൂരിന് സമീപത്തായിരുന്നു സംഭവം. അമിത വേഗത്തിലായിരുന്ന ബസ് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ബസിനുള്ളിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു ഓമന. ഇടതുകൈക്ക് പരിക്കേറ്റെങ്കിലും ബസ് നിർത്താൻ പോലും ജീവനക്കാർ തയ്യാറായില്ല. മറ്റ് യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി പടിക്കല്‍ ഓമനയെ ഇറക്കി വിട്ട് ബസ് നിർത്താതെ പോയി. ബസ് ജീവനക്കാർക്കെതിരെ ഓമന ആറന്മുള പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.