ഇ.പിക്കെതിരായ ആരോപണം; രേഖാമൂലം പരാതി നല്‍കാൻ പി.ജയരാജന്‍

തിരുവനന്തപുരം: കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ മറവിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി.ജയരാജൻ പാർട്ടിക്ക് രേഖാമൂലം നൽകിയേക്കും. നേതാക്കളുടെ വഴിവിട്ട പ്രവർത്തനങ്ങൾ തടയാന്‍ സി.പി.എം തെറ്റുതിരുത്തല്‍ രേഖയുമായി രംഗത്തുവന്നിരിക്കവെയായിരുന്നു പി.ജയരാജൻ്റെ ആരോപണം.

തുടർഭരണം മൂലം പാർട്ടിയിൽ ഉണ്ടായ തകർച്ചയെക്കുറിച്ചും സംഘടനാപരമായി ഏറ്റെടുക്കേണ്ട അടിയന്തര ഉത്തരവാദിത്തത്തെക്കുറിച്ചുമുള്ള തെറ്റ് തിരുത്തൽ രേഖ ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്തിരുന്നു. ഈ രേഖയുടെ ചർച്ചയിലാണ് പി.ജയരാജൻ ആരോപണങ്ങൾ ഉന്നയിച്ചത്. “തുടക്കത്തിൽ, ഇ.പിയായിരുന്നു ആയുർവേദ റിസോർട്ടിന്‍റെ ഡയറക്ടർ, പിന്നീട് അദ്ദേഹത്തിന്‍റെ ഭാര്യയും മകനും ആ സ്ഥാനത്തെത്തി. റിസോർട്ടിന്‍റെ പേരിൽ ഇ.പി അനധികൃതമായി സ്വത്ത് സമ്പാദിച്ചു. ഉത്തമ ബോധ്യത്തോടെയും ആധികാരികമായ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിഷയം ഉന്നയിക്കുന്നത്. പാർട്ടി അന്വേഷിച്ച് നടപടിയെടുക്കണം”, എന്നാണ് പി.ജയരാജൻ ആവശ്യപ്പെട്ടത്.

സംസ്ഥാന കമ്മിറ്റിയിൽ മറുപടി പറയുമ്പോൾ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപണം തള്ളിയില്ല. പകരം രേഖാമൂലം പരാതി നൽകിയാൽ അന്വേഷിക്കാമെന്നായിരുന്നു മറുപടി. ഇതനുസരിച്ചാണ് രേഖാമൂലം പരാതി നൽകുന്നത്. പരാതി രേഖാമൂലം ലഭിച്ചാൽ പാർട്ടിക്ക് അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ടിവരും. ഇ.പി ജയരാജൻ സി.സി അംഗമായതിനാല്‍ കേന്ദ്ര നേതാക്കളുമായി കൂടിയാലോചിച്ചായിരിക്കും തുടർനടപടി സ്വീകരിക്കുക.