LatestWorld

അമേരിക്കയില്‍ മോഷണശ്രമം തടയുന്നതിനിടെ ഇന്ത്യൻ വനിത വെടിയേറ്റു മരിച്ചു

അമേരിക്കയില്‍ മോഷണശ്രമം തടയുന്നതിനിടെ ഇന്ത്യൻ വനിത വെടിയേറ്റു മരിച്ചു. ഗുറജാത്ത് സ്വദേശിനി കിരണ്‍ പട്ടേലാണ് കൊല്ലപ്പെട്ടത്.ന്യൂജേഴ്‌സിയിലെ യൂണിയൻ കൗണ്ടിയില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. കടയില്‍ മോഷണത്തിനെത്തിയ ആള്‍ക്ക് പണം കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അക്രമി യുവതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

രാത്രി പത്തരയോടെ കടയ്ക്ക് പുറത്ത് വെടിയൊച്ച കേട്ട കിരണ്‍ പൊലീസിനെ വിവരമറിയിച്ചു. അപ്പോഴേക്കും തോക്കുമായി മുഖംമൂടി ധരിച്ച ഒരാള്‍ കടയ്ക്കുള്ളില്‍ കയറി പണം ആവശ്യപ്പെട്ടു. എന്നാല്‍, കിരണ്‍ പണം നല്‍കാൻ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ അക്രമി കിരണിന് നേരെ വെടിയുതിർത്തെങ്കിലും അത് ലക്ഷ്യസ്ഥാനം കണ്ടില്ല. തുടർന്ന് കിരണ്‍ കയ്യില്‍ കിട്ടിയ സാധനങ്ങള്‍ അക്രമിക്ക് നേരെ എറിയുകയും രക്ഷപ്പെടാൻ പുറത്തേക്ക് ഓടുകയും ചെയ്തു. പിന്തുടർന്നെത്തിയ അക്രമി കിരണിനെ വെടിവച്ച്‌ വീഴ്ത്തുകയായിരുന്നു.

ദക്ഷിണ കാലിഫോർണിയൻ മേഖലകളില്‍ തോക്കുകള്‍ എളുപ്പത്തില്‍ ലഭ്യമായതിനാല്‍ ചെറിയ കാര്യങ്ങള്‍ക്കുപോലും വെടിവയ്പ്പ് സാധാരണമാണെന്നാണ് നാട്ടുകാർ പറയുന്നത്. കഠിനാധ്വാനിയായിരുന്ന കിരണ്‍ ഏറെക്കാലമായി ഈ കടയില്‍ ജോലി ചെയ്തുവരികയായിരുന്നുവെന്ന് സ്ഥാപന ഉടമകള്‍ പറഞ്ഞു.

കടയുടെ പാർക്കിംഗ് ഏരിയയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് കിരണിനെ പൊലീസ് കണ്ടെത്തിയത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണശ്രമത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. അക്രമി തൊട്ടടുത്ത് നിന്ന് യുവതിയെ വെടിവച്ചതിനാലാണ് പെട്ടെന്ന് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു. അക്രമിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.