മധ്യപ്രദേശിൽ ഹിന്ദിയിലുള്ള എം.ബി.ബി.എസ് പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്ത് അമിത് ഷാ
ഭോപാൽ: മധ്യപ്രദേശിൽ മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ഹിന്ദി പാഠപുസ്തകങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകാശനം ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിലാക്കാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് മൂന്ന് പാഠപുസ്തകങ്ങൾ ഹിന്ദിയിൽ പുറത്തിറക്കിയത്. മെഡിക്കൽ ബയോകെമിസ്ട്രി, അനാട്ടമി, മെഡിക്കൽ ഫിസിയോളജി തുടങ്ങിയ വിഷയങ്ങളുടെ പുസ്തകങ്ങളാണ് പുറത്തിറക്കിയത്.
ഹിന്ദി ഭാഷയിൽ എം.ബി.ബി.എസ് കോഴ്സ് ആരംഭിക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറിയെന്നും ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ ഈ ദിവസം എഴുതപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. ഹിന്ദിയിൽ എം.ബി.ബി.എസ് പഠനം തുടങ്ങിയത് ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ്. രാജ്യത്തെ എട്ട് ഭാഷകളിൽ കൂടി മെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.