സ്പീക്കർ തിരഞ്ഞെടുപ്പിന് യുഡിഎഫ് സ്ഥാനാർഥിയായി അൻവർ സാദത്ത് മത്സരിക്കും

തിരുവനന്തപുരം: എം ബി രാജേഷ് രാജിവച്ച ഒഴിവിൽ സ്പീക്കർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് അൻവർ സാദത്ത് എം എൽ എ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 12നാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്ന അൻവർ സാദത്ത് ആലുവ എം.എൽ.എയാണ്.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും തലശ്ശേരി എം.എൽ.എയുമായ എ.എൻ ഷംസീറിനെ സ്പീക്കറായി നിയമിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. സ്പീക്കർ സ്ഥാനം രാജിവച്ച എം ബി രാജേഷ് പിന്നീട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജേഷ് രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് കൈമാറി.

പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായി 12ന് രാവിലെ 10ന് നിയമസഭ സമ്മേളിക്കും. കഴിഞ്ഞ ഒന്നിന് അവസാനിച്ച നിയമസഭാ സമ്മേളനത്തിന്‍റെ തുടർച്ചയാണ് യോഗം. പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തിയാൽ രഹസ്യ ബാലറ്റിലൂടെയാകും വോട്ടെടുപ്പ് നടക്കുക. തുടർന്ന് വോട്ടുകൾ എണ്ണി വിജയിയെ പ്രഖ്യാപിക്കും. പുതിയ സ്പീക്കറുടെ പ്രസംഗത്തിന് ശേഷം സഭ പിരിയും.