Latestകേരളം

വിഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

കണ്ണൂർ:-പട്ടികജാതി വികസന വകുപ്പിന്റെ വിഷന്‍ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു/ വി.എച്ച്.എസ്.സി പഠനത്തിനൊപ്പം രണ്ട് വര്‍ഷത്തെ മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിനായി ഓരോ വര്‍ഷവും 10,000 രൂപ വീതം അനുവദിക്കുന്ന പദ്ധതിയിലേക്ക് സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ്.എസ്.എല്‍.സി തത്തുല്യ യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് പത്താം ക്ലാസില്‍ യഥാക്രമം എ ടു, എ ഗ്രേഡുകള്‍ നേടി വിജയിച്ചിട്ടുള്ള സി ബി എസ് സി, ഐ സി എസ് ഇ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

കുടുംബ വരുമാനം ആറ് ലക്ഷത്തില്‍ താഴെയുള്ള അപേക്ഷകര്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്, പ്ലസ് വണ്‍ കോഴ്സ് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, പരിശീലനത്തിന് ചേര്‍ന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് രശീത്, പഞ്ചായത്ത് /ബ്ലോക്കില്‍ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം ഫെബ്രുവരി 28 ന് വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0497 2700596