Latestകേരളം

ആറൻമുളയിലെ ഇലക്‌ട്രോണിക്സ് സിറ്റി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിൻമാറി

തിരുവനന്തപുരം: ആറന്‍മുളയിലെ വിവാദമായ മെഗാ ഇലക്‌ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിയില്‍ നിന്ന് സർക്കാർ പിൻമാറി. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് സർക്കാർ മറുപടി നല്‍കിയത്.പദ്ധതി പ്രദേശത്തെ ഭൂമിയില്‍ 80 ശതമാനവും വെള്ളക്കെട്ടിന് സാധ്യതയുള്ളതാണെന്ന കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് പിൻമാറ്റം.ആറൻമുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ച ശേഷമാണ് കെജിഎസ് ഗ്രൂപ്പ് മെഗാ ഇലക്‌ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിയുമായി സർക്കാരിനെ സമീപിച്ചത്.

ഐ ടി വകുപ്പ് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയെങ്കിലും കൃഷി റവന്യൂ വകുപ്പുകള്‍ എതിർത്തു. പദ്ധതി പ്രദേശത്ത് 80 ശതമാനത്തിലധികവും നിലമാണെന്ന് കണ്ടെത്തിയതോടെയാണ് എതിർപ്പറിയിച്ചത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ ആണ് പദ്ധതിയില്‍ നിന്ന് പിന്മാറാൻ തീരുമാനം എടുത്തത്. കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ച്‌ പദ്ധതി ഉപേക്ഷിച്ചെന്നാണ് വിവരാവകാശ നിയമ പ്രകാരം ഉള്ള ചോദ്യത്തിന് സർക്കാർ നല്‍കിയ മറുപടി .

പദ്ധതി പ്രദേശത്തില്‍ 21.6 ഹെക്ടർ മാത്രമാണ് കരഭൂമി. ബാക്കി 100.9 ഹെക്ടർ നിലമാണെന്നും ഇവിടെ വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കൃഷി ഓഫീസറുടെ റിപ്പോർട്ട് ഉണ്ട്. ഈ റിപ്പോർട്ട് പരിഗണിച്ച്‌ വെള്ളക്കെട്ട് ഒഴിവാക്കുന്ന പദ്ധതികള്‍ മാത്രം ആസൂത്രണം ചെയ്യണമെന്നായിരുന്നു കലക്ടറുടെ ശിപാർശ. ഇതോടെയാണ് പദ്ധതിയില്‍ നിന്നുള്ള സർക്കാരിന്‍റെ പിൻമാറ്റം.

ആറന്മുള വിമാനത്താവളം സംബന്ധിച്ച നിലപാടില്‍ മാറ്റമില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. ഭൂമി സംബന്ധിച്ച ചില പ്രശ്നങ്ങള്‍ കാരണമാണ് എതിർപ്പ് ഉണ്ടായിരുന്നത്. അക്കാര്യങ്ങളില്‍ ഇപ്പോഴും മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി.