കമ്പം ടൗണിലിറങ്ങി പരിഭ്രാന്തി പരത്തി അരിക്കൊമ്പൻ

കമ്പം ടൗണിലിറങ്ങി പരിഭ്രാന്തി പരത്തിയ അരിക്കൊമ്പൻ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി ഉൾക്കാട്ടിൽ വിടുമെന്ന് തമിഴ്നാട് വനം വകുപ്പ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. മയക്കുവെടി വെക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് ലഭിച്ചാലുടൻ പിടികൂടാനുള്ള തുടർന്ന് നടപടികൾ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കും. വെറ്റിനറി ഡോക്ടർ, കുങ്കിയാനകൾ, വാഹനം അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും ശ്രീനിവാസ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് കാടിറങ്ങി ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയത്. ടൗണിലെത്തിയ ആന റോഡിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തു. രാവിലെ കമ്പം ബൈപ്പാസിനും പ്രധാന റോഡിനും ഇടയിലുള്ള പുളിമരത്തോപ്പിലാണ് കാട്ടാന നിലയുറപ്പിച്ചിരുന്നത്. ഇവിടെ നിന്നും തുരുത്തി ഓടിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് ആന കമ്പം ടൗണിലേക്ക് നീങ്ങിയത്. ആനയെ തുരുത്തി ഓടിക്കാനുള്ള ശ്രമത്തിലാണ് വനപാലകർ.