Latestദേശീയം

രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു; ശുഭാന്‍ഷു ശുക്ലയ്ക്ക് അശോക ചക്ര, പ്രശാന്ത് ബാലകൃഷ്ണന് കീര്‍ത്തി ചക്ര

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച്‌ രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാന്‍ഷു ശുക്ലയ്ക്ക് അശോക ചക്രയും മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക്‌ കീർത്തി ചക്ര പുരസ്‌കാരവും പ്രഖ്യാപിച്ചു.70 പേര്‍ക്കാണ് വീര സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ആറ് പേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രശാന്ത് അടക്കം മൂന്ന് പേര്‍ക്കാണ് കീര്‍ത്തി ചക്ര ലഭിച്ചത്. മേജര്‍ അര്‍ഷദീപ് സിംഗ്, നായിബ് സുബേദാര്‍ ദോലേശ്വര്‍ സുബ്ബ എന്നിവരാണ് കീര്‍ത്തി ചക്ര ലഭിച്ച മറ്റു രണ്ടു പേര്‍. പായ്‌വഞ്ചിയില്‍ ലോക പര്യടനം പൂർത്തിയാക്കിയ മലയാളി നാവിക സേന ഉദ്യോഗസ്ഥ ലഫ്റ്റനൻ്റ് കമാൻഡർ കെ ദില്‍നയ്ക്ക് ശൗര്യ ചക്ര പുരസ്‌കാരം നേടി. സിആർപിഎഫ് അസി കമാൻഡൻഡ് വിപിൻ വില്‍സണ് ശൗര്യ ചക്ര സമ്മാനിക്കും. മേജർ അനീഷ് ചന്ദ്രനും മേജർ ശിവപ്രസാദിന് ധീരതയ്ക്കുള്ള സേനാ മെഡല്‍ നല്‍കി ആദരിക്കും. മേജർ ജനറല്‍ കെ മോഹൻ, നായർ അതിവിശിഷ്ട സേവാ മെഡലും ബ്രിഗേഡിയർ അരുണ്‍കുമാർ ദാമോദരന് യുദ്ധ് സേവാ മെഡലും ലഭിച്ചു.

തിരുവനന്തപുരം പേരൂർക്കട സ്വദേശി മാസ്റ്റർ വാറൻ്റ് ഓഫീസർ ടി വിനോദിന് വിശിഷ്ട സേവാ മെഡല്‍ ലഭിച്ചു. കോസ്റ്റ് ഗാർഡ് ധീരതയ്‌ക്കുള്ള തത്രക്ഷക് മെഡല്‍ മരണാനന്തര ബഹുമതിയായി ഗുജറാത്തില്‍ ഹെലികോപ്‌ടർ അപകടത്തില്‍ വീരമൃത്യു അടഞ്ഞ മാവേലിക്കര സ്വദേശി ജൂനിയർ ഗ്രേഡ് കമ്മാണ്ടന്റ് വിപിൻ ബാബുവിന് നല്‍കും. കേരളത്തില്‍ നിന്നുള്ള എസ് മുഹമ്മദ് ഷാമിലിന് ഉത്തം ജീവൻ രക്ഷ പഥകും 6 പേർക്ക് ജീവൻ രക്ഷ പഥകും പ്രഖ്യാപിച്ചു.