കേരളം

ആര്യാടന്‍ ഷൗക്കത്തിന്റെ മണ്ഡല പര്യടനം ഇന്ന്

ലപ്പുറം: നിലമ്പൂരില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മണ്ഡല പര്യടനം ഇന്ന്. ഇന്ന് രണ്ട് മണി മുതലാണ് മണ്ഡലപര്യടനം. ചന്തക്കുന്ന് , ചുങ്കത്തറ, പോത്തുകൽ, നാരോക്കാവ്, വഴിക്കടവ്, എടക്കര, മുത്തേടം, കരുളായി, അമരമ്പലം എന്നിവിടങ്ങളിലാണ് പര്യടനം നടത്തുക.

രാവിലെ ആര്യാടന്‍ ഷൗക്കത്ത് പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.ഗൃഹസന്ദര്‍ശനവും കുടുംബയോഗങ്ങളുമായിരുന്നു യുഡിഎഫ് പ്രചാരണത്തിലെ ഹൈലൈറ്റ്. സര്‍ക്കാരിനെതിരെയുള്ള വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ ഗൃഹ സന്ദര്‍ശനങ്ങള്‍ സഹായിച്ചു.

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രചാരണം നടത്തിയാല്‍ തിരിച്ചുവരാന്‍ കഴിയുമെന്നും നേതൃത്വം വിലയിരുത്തുന്നു. യുഡിഎഫിലെ കെട്ടുറപ്പാണ് വിജയപാത ഒരുക്കിയത്. പ്രത്യേകിച്ച് മുസ്ലിം ലീഗ് അരയും തലയും മുറുക്കി കളത്തില്‍ ഇറങ്ങിയത് നേട്ടമായിരുന്നു.

11,077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. ഷൗക്കത്ത് 77,737 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ 19,760 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് 8,648 വോട്ടുകളും നേടി.