ഏഷ്യ കപ്പ്; അഫ്ഗാനിസ്ഥാനെതിരെ 101 റൺസ് വിജയവുമായി ഇന്ത്യ

ദുബായ്: ഏഷ്യ കപ്പിലെ അവസാന മത്സരത്തിൽ ഉശിര് കാട്ടി ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരെ 101 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 212 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാൻ 111 റൺസ് മാത്രമാണ് നേടിയത്.

ഇന്ന് 2 റെക്കോർഡുകളും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. ടി-20 യിൽ ഏറ്റവും ഉയർന്ന റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. ഏതാണ്ട് 1000 ദിവസവും 84 ഇന്നിങ്സുകളും പിന്നിട്ട ഇടവേളയ്ക്കു ശേഷം രാജ്യാന്തര വേദിയിൽ സെഞ്ചുറി നേടിയ കോഹ്ലി 60 പന്തുകളിൽ നിന്ന് 122 റൺസുമായി പുറത്താകാതെ നിന്നു.

അതെ സമയം ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് അന്താരാഷ്ട്ര ടി-20 മത്സരങ്ങളിൽ 5 വിക്കറ്റ് നേടുന്ന ആദ്യ താരമായി മാറി. 4 ഓവറിൽ വെറും 4 റൺസ് മാത്രം വിട്ടുനൽകിയാണ് ഭുവനേശ്വർ കുമാർ 5 വിക്കറ്റ് നേടിയത്.

ഇന്ത്യക്ക് വേണ്ടി കോഹ്ലി 122 റൺസും കെ.എൽ രാഹുൽ 62 റൺസും നേടി. ഭുവനേശ്വർ കുമാർ 5 വിക്കറ്റും അർഷ്ദീപ് സിങ്, രവിചന്ദ്രൻ അശ്വിൻ, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.