പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം: അന്വേഷണം വൈകിയാൽ നടപടി

ന്യൂഡൽഹി: പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി ശിക്ഷാനടപടികൾ ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ.

പരാതികളിൽ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും. രജിസ്റ്റർ ചെയ്ത് രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകി. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം രണ്ട് മാസത്തിലധികം വൈകിയാൽ ഇതിനായി പ്രത്യേക ഡെപ്യൂട്ടി സൂപ്രണ്ടുമാരെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മൂന്ന് മാസത്തിലൊരിക്കൽ കുറ്റകൃത്യങ്ങളുടെ വിചാരണ വൈകുന്നത് അവലോകന സമിതി പരിശോധിക്കണം. കളക്ടർ, പോലീസ് സൂപ്രണ്ട്, പബ്ലിക് പ്രോസിക്യൂട്ടർ എന്നിവരും സെഷൻസ് ജഡ്ജിയുടെ അദ്ധ്യക്ഷതയിൽ പ്രതിമാസ യോഗം വിളിക്കണം.