Latestകേരളം

ഭക്തിയുടെ നിറവില്‍ ഇന്ന് ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ ഇന്ന് ആറ്റുകാല്‍ പൊങ്കാല. ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയില്‍ ഒത്തുകൂടിയിരിക്കുന്നത്.രാവിലെ 9.45 ന് ക്ഷേത്രത്തില്‍ നിന്ന് അടുപ്പുവെട്ട് ചടങ്ങ് നടക്കും. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ അടുപ്പുകളില്‍ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കും. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമർപ്പണം നടത്തും.

ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍ക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെയാണ് ഈവർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകുക. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി അധിക ട്രെയിനുകള്‍ സർവീസ് നടത്തുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. കെഎസ്‌ആർടിസിയും പ്രത്യേക സർവീസുകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നഗരത്തില്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.