നിയന്ത്രണങ്ങള്‍ നീക്കി ഓസ്ട്രേലിയ; കൊവിഡ് ബാധിച്ചാലും താരങ്ങള്‍ക്ക് ടി20 ലോകകപ്പിൽ പങ്കെടുക്കാം

ഓസ്‌ട്രേലിയ: ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കൊവിഡ്-19 നിയന്ത്രണങ്ങളില്ല. കൊവിഡ്-19 പോസിറ്റീവ് ആയ കളിക്കാർക്കും ഓസ്ട്രേലിയയിൽ നടക്കുന്ന ടൂർണമെന്‍റിൽ പങ്കെടുക്കാം. ഐ.സി.സി.യോ ഓസ്ട്രേലിയൻ സർക്കാരോ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. ടൂർണമെന്‍റിൽ പങ്കെടുക്കുന്ന ടീമുകൾ നിർബന്ധിത കൊവിഡ് പരിശോധനകൾക്ക് വിധേയരാകേണ്ടി വരില്ലെന്നാണ് റിപ്പോർട്ടുകൾ.  

മഹാമാരി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് കൊവിഡ് നിയന്ത്രണങ്ങളില്ലാതെ ടൂർണമെന്‍റ് നടക്കുന്നത്. ടെന്നീസ് താരം നൊവാക് ജോക്കൊവിച്ചിന് കൊവിഡ് -19 നിയന്ത്രണങ്ങൾ കാരണം ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കുന്നതിന് ഓസ്‌ട്രേലിയ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ജോക്കൊവിച്ച് വാക്സിൻ സ്വീകരിക്കാത്തതായിരുന്നു അനുമതി നിഷേധിക്കാൻ കാരണം.

ഏതെങ്കിലും കളിക്കാരന് കൊവിഡ്-19 സ്ഥിരീകരിച്ചാലും, മത്സരത്തിൽ പങ്കെടുക്കുന്നതിന് തടസ്സമില്ല. മെഡിക്കൽ സംഘത്തിന്‍റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. കൊവിഡ് -19 ബാധിച്ച കളിക്കാർ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് -19 മഹാമാരിയുടെ സമയത്ത് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. കഴിഞ്ഞയാഴ്ച, ഓസ്ട്രേലിയ ഐസൊലേഷനിൽ കഴിയണമെന്ന നിയന്ത്രണങ്ങൾ സാധാരണക്കാർക്ക് പിൻവലിച്ചിരുന്നു.